മലപ്പുറം: കുറ്റിപ്പുറത്ത് ആറുവരി ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തില്‍, ജില്ലയിലെ റോഡുകളില്‍ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും തടയാന്‍ പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കി മോട്ടോര്‍ വാഹന വകുപ്പ്. സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. യാത്രക്കാരുടെയും മറ്റ് വഴിയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലും അപകടസാധ്യത കൂടിയ ബ്ലാക്ക് സ്പോട്ടുകളിലും സ്ക്വാഡിന്റെ അടിയന്തര ഇടപെടലുണ്ടാകും.
ബസുകളിലെ വേഗപൂട്ടുകളില് തിരിമറി നടത്തുകയോ വേഗത കൂട്ടാന്‍ ഇവ വിച്ഛേദിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി റദ്ദാക്കാനാണ് തീരുമാനം. ഹാന്‍ഡ് ഹെല്‍ഡ് സ്പീഡ് റഡാര്‍ കാമറകള്‍ ഉപയോഗിച്ച് അമിതവേഗതയില്‍ വരുന്ന ബസുകളെ കൃത്യമായി കണ്ടെത്തി തത്സമയം ഉയര്‍ന്ന പിഴ ഈടാക്കും. മത്സരയോട്ടം തടയാന്‍ ടൈം സ്ലോട്ട് പരിശോധനയും നടത്തും. നിശ്ചിത സമയക്രമം തെറ്റിച്ച് ഓടുന്ന ബസുകള്‍ക്കെതിരേയും ഒരു ബസിന് തൊട്ടുപിന്നാലെ മത്സരബുദ്ധിയോടെ മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാകുന്ന രീതിയില്‍ ഓടിക്കുന്നവര്‍ക്കെതിരേയും കേസെടുക്കും. അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.
കൂടാതെ, ഇവര്‍ക്ക് എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് റിസര്‍ച്ചില്‍ നിര്‍ബന്ധിത പരിശീലനവും ബോധവത്കരണവും നല്‍കും. പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, ടൗണുകള്‍, ജില്ലാ അതിര്‍ത്തികള്‍ എന്നിവ കേന്ദ്രീകരിച്ച് സിവില്‍ വസ്ത്രത്തിലും അല്ലാതെയും ഉദ്യോഗസ്ഥര്‍ നിരീക്ഷണം തുടരും.
പൊതുജനങ്ങള്‍ക്കും പരാതിപ്പെടാം
മലപ്പുറം: റോഡുകളില്‍ സ്വകാര്യ ബസുകളുടെ അമിതവേഗതയോ നിയമലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറുകളിലോ കണ്ട്രോള് റൂമിലോ അറിയിക്കാം.
ലഭിക്കുന്ന പരാതികളില്‍ ഉടനടി നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. മഴക്കാലത്ത് റോഡുകളില വാഹനങ്ങള്‍ സ്കിഡ് ആകാനുള്ള സാധ്യത കൂടുതലായതിനാല്‍ സമയം പാലിക്കാനെന്ന പേരില്‍ യാത്രക്കാരുടെ ജീവന് പണയം വയ്ക്കുന്ന ഒരു നടപടിയും അനുവദിക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.